ഗവര്‍ണര്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി പറയാനാകില്ല; ആനന്ദ ബോസിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പാടില്ല; മമതയോട് ഹൈക്കോടതി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.

ഗവര്‍ണറുടെ പരാതിയിലാണ് ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്. ഗവര്‍ണര്‍ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യല്‍ മീഡിയായില്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെയാണ് ആനന്ദ ബോസ് കോടതിയെ സമീപിച്ചത്.കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും.

മമത, തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ്, എംഎല്‍എമാരായ സായന്തിക ബാനര്‍ജി, റിയാത്ത് ഹുസൈന്‍ സര്‍ക്കാര്‍ എന്നിവര്‍ക്കാണു ഹൈക്കോടതിയുടെ വിലക്ക്. പശ്ചിമ ബംഗാള്‍ രാജ്ഭവനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നായിരുന്നു മമതയുള്‍പ്പെടെ നേതാക്കളുടെ ആരോപണം.

Read more

ആനന്ദബോസിനെതിരേ രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ പരാതിയുള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ഇവരുടെ ആക്ഷേപം. എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കൃഷ്ണറാവുവിന്റെ ബെഞ്ച് മമതയോടും ആനന്ദബോസിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.