വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

അടിസ്ഥാന വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്എസ്എല്‍സി പരീക്ഷയില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കര്‍ണാടക. കര്‍ണാടകയില്‍ എസ്എസ്എസ്എല്‍സി പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാര്‍ക്ക് നിര്‍ത്തുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതിയെന്ന നിലപാടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ തീരുമാനം നടപ്പാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം.

ഇത്തവണ വിജയശതമാനം വര്‍ധിപ്പിക്കാന്‍ കര്‍ണാടകയില്‍ 20 ശതമാനം മാര്‍ക്ക് വരെ ഗ്രേസ് മാര്‍ക്കായി അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളില്‍ പഠിച്ച വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവര്‍ക്ക് 20 ശതമാനം വരെ ഗ്രേസ് മാര്‍ക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് രണ്ടു തവണ പരീക്ഷയെഴുതി മാര്‍ക്ക് മെച്ചപ്പെടുത്താനും അവസരം നല്‍കും. എന്നാല്‍, അടുത്ത വര്‍ഷം മൂന്നു പരീക്ഷകള്‍ നടത്തുന്നത് തുടരുമെങ്കിലും ഗ്രേസ് മാര്‍ക്ക് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നതോടെ വിജയശതമാനം കുറയുമെങ്കിലും അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തോത് ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.