മൈസൂരു ദസറയ്ക്ക് എഴുന്നള്ളിക്കാനെത്തിച്ച ആനകളെ ശല്ല്യപ്പെടുത്തിയാല്‍ കടുത്ത നടപടി; സെല്‍ഫിയെടുക്കുന്നതും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതും വിലക്കി വനംമന്ത്രി

മൈസൂരു ദസറയ്ക്ക് എഴുന്നള്ളിക്കാനെത്തിച്ച ആനകളെ ശല്ല്യപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക വനംവകുപ്പ്. ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതും അനുവദിക്കില്ലെന്ന് വനംവകുപ്പുമന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ വ്യക്തമാക്കി. ആനകളെ തൊടുന്നതിന്റെയും തുമ്പിക്കൈയില്‍ കെട്ടിപ്പിടിക്കുന്നതിന്റെയും വീഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദസറയ്ക്ക് എഴുന്നള്ളിക്കാനുള്ള ആനകള്‍ മൈസൂരു കൊട്ടാരത്തിലാണ് പരിശീലനവും മറ്റുമായി കഴിയുന്നത്. 14 ആനകളെയാണ് വിവിധ ആനക്യാമ്പുകളില്‍നിന്ന് കൊട്ടാരനഗരിയിലെത്തിച്ചിരിക്കുന്നത്.

കൊട്ടാരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവ കൗതുകക്കാഴ്ചയാണ്. പലരും ഇവയ്‌ക്കൊപ്പംനിന്ന് സെല്‍ഫിയെടുക്കുകയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും പതിവാണ്. കഴിഞ്ഞദിവസം രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ ഒരാന രണ്ടാമത്തേതിനെ കൊട്ടാരഗേറ്റിനു പുറത്തേക്ക് ഓടിക്കുകയും ചെയ്തു. ഇത് വലിയ പരിഭ്രാന്തി പരത്തി.

ആനകള്‍ക്കടുത്ത് സന്ദര്‍ശകര്‍ സെല്‍ഫിയെടുക്കുന്നതിനും മറ്റും എത്തുന്നതാണ് ഇവയെ പ്രകോപിതരാകാന്‍ ഇടയാക്കുന്നതെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. ദസറ ആഘോഷത്തിന്റെ അവസാനദിനമായ വിജയദശമിക്കാണ് മൈസൂരുവില്‍ ആനകള്‍ അണിനിരക്കുന്ന പ്രശസ്തമായ ജംബോസവാരി നടക്കുക.