ദളിത് സിഖും സ്ഥാനമൊഴിയുന്ന സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ചരൺജിത് സിംഗ് ചന്നി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഞായറാഴ്ച പ്രഖ്യാപിച്ചു. അമരീന്ദർ സിംഗ് രാജിവെച്ചതിനു പിന്നാലെയാണ് ചരൺജിത് സിംഗ് മുഖ്യമന്ത്രിയാവുന്നത്.
“പഞ്ചാബിലെ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ നേതാവായി ചരൺജിത് സിംഗ് ചന്നി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നത് എനിക്ക് അത്യധികം സന്തോഷം നൽകുന്നു.” കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു.
Read more
സ്ഥാനമൊഴിയുന്ന മറ്റൊരു മന്ത്രി – സുഖ്ജീന്ദർ സിംഗ് രൺധാവയെ മുഖ്യമന്ത്രിയായി പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരഞ്ഞെടുത്തുവെന്നും കോൺഗ്രസ് ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം ഉടൻ വരുമെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ചരൺജിത് സിംഗ് ചന്നിയുടെ നിയമന വാർത്ത വന്നത്. മുഖ്യമന്ത്രിയായി സുഖ്ജീന്ദർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു.