വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തിയോട് പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ മറുപടി തരില്ലെന്ന് ലഖ്‌നൗ സർവകലാശാല. അലോക് ചാന്ത്യ എന്ന വ്യക്തിയോടാണ് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല മറുപടി നൽകിയത്.
സർവകലാശാലക്ക് കീഴിലെ ഡിഗ്രി കോളജിലെ ഫാക്കൽറ്റി അംഗം കൂടിയായ ചാന്തിയ, സ്വാശ്രയ കോഴ്സുകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനെക്കുറിച്ചും അവരുടെ ശമ്പള സ്‌കെയിലിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ തേടിയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്.
എന്നാൽ, വിവരാവകാശ നിയമത്തെ സർവകലാശാല അതിന്റെ താൽപ്പര്യങ്ങൾക്കു അനുസൃതമായി വളച്ചൊടിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും അവർക്കു അതിനുള്ള അധികാരമില്ലെന്നും ചാന്തിയ പ്രതികരിച്ചു.
വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പരിചയമില്ലാത്ത ചില അപേക്ഷകർ വിവരങ്ങൾ നേടുന്നതിന് അവരുടെ പൗരത്വത്തിന്റെ തെളിവുകൾ സർവകലാശാലയ്ക്ക് നൽകിയിരിക്കാം, പക്ഷേ അത് ഒരു ചട്ടമായി മാറ്റാൻ കഴിയില്ലെന്നും ചാന്തിയ പറഞ്ഞു.
Read more
വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന വ്യവസ്ഥ മുൻപ് സർവകലാശാലയിൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അധികൃതരുടെ മറുപടി ഇങ്ങനെ: “ഇത് തുടങ്ങിയത് മുൻ വൈസ് ചാൻസലർ എസ്.പി സിങ്ങിന്റെ കാലത്താണ്. അത് ഇപ്പോഴും തുടരുന്നുണ്ട്.”