സ്ത്രീധനത്തെ വാഴ്ത്തി നഴ്‌സിംഗ് പാഠപുസ്തകം; ഇടപെട്ട് വനിതാ കമ്മീഷന്‍

നഴ്‌സിംഗ് പാഠപുസ്തകത്തില്‍ സ്ത്രീധനത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. സംഭവത്തില്‍ നടപടി എടുക്കണമെന്നറിയിച്ച് വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും കമ്മീഷന്‍ കത്തയച്ചു.

ബി എസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ടെസ്റ്റ് ബുക്ക് ഫോര്‍ സോഷ്യോളജി ഓഫ് നഴ്സ്’ എന്ന പുസ്തകത്തിലാണ് മെറിറ്റ്സ് ആന്റ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൗണ്‍സില്‍ പാഠഭാഗം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടര്‍ന്നാല്‍ മതിയെന്നും കഴിഞ്ഞ ദിവസം കൗണ്‍സില്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

പാഠ്യപദ്ധതി മാത്രമാണ് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നത്. പ്രസാധകരെയോ എഴുത്തുകാരെയോ നിര്‍ദ്ദേശിക്കുന്നില്ലെന്നും കൗണ്‍സില്‍ അറിയിച്ചു. പുസ്തകത്തില്‍ കൗണ്‍സിലിന്റെ പേര് ഉപയോഗിച്ചതിനെതിരെ പ്രസാധകര്‍, എഴുത്തികാരി എന്നിവര്‍ക്കെതിരെ നടപടിയെടുക്കും. ടി കെ ഇന്ദ്രാണിയാണ് പുസ്തകം എഴുതിയത്. ജെപി ബ്രദേഴ്സ് മെഡിക്കല്‍ പബ്ലിഷേഴ്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളുടെ വിവാഹം പോലും സ്ത്രീധനം നല്‍കുന്നതിലൂടെ നടത്താന്‍ സാധിക്കും. ഒരു വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ലഭിക്കും. എന്നൊക്കെയാണ് സ്ത്രീധനത്തിന്റെ നേട്ടമായി പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പാഠഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാഠപുസ്തകം എന്തുതരം സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നടക്കം നിരവധി വിമര്‍ശനങ്ങളാണ് പുസ്തത്തിന് എതിരെ ഉയര്‍ന്നത്.