പെട്രോൾ, ഡീസൽ നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറക്കുന്നതിന് അടുത്ത കേന്ദ്ര ബജറ്റിൽ ഇവയുടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനകാര്യ മന്ത്രിയോടാവശ്യപ്പെട്ടു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വിലയുള്ളത് ഇന്ത്യയിലാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളാണ് താങ്ങാനാകാത്ത വിലക്ക് മുഖ്യ കാരണം. നിലവിൽ വിലയുടെ 50 ശതമാനത്തോളം വിവിധ നികുതികളാണ്. അതുകൊണ്ട് വില കുറക്കാനുള്ള മാർഗം എക്‌സൈസ് തീരുവ കുറക്കലാണെന്നു പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ ജി എസ് ടി നടപ്പാക്കിയതോടെ മറ്റ് ഉത്പന്നങ്ങളുടെ നികുതി വരുമാനം പ്രകടമായി താഴ്ന്നിട്ടുണ്ട്. വരുമാനത്തിൽ ഉണ്ടായിരിക്കുന്ന ചോർച്ച ധനകമ്മി ഉയരുന്നതിന് കാരണമാകുമെന്ന ആശങ്ക ധനമന്ത്രാലയത്തിനുണ്ട്. അതുകൊണ്ട് ബജറ്റിൽ തീരുവ കുറക്കാനുള്ള സാധ്യത വിദൂരമാണ്. 2016 -17 സാമ്പത്തിക വർഷത്തിൽ 520000 കോടി രൂപയുടെ വരവാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വഴി ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ മികച്ച മൂന്നാമത്തെ വരുമാനമായിരുന്നു ഇത്. 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ കേന്ദ്ര സർക്കാർ ഒമ്പത് തവണ നികുതി വർധിപ്പിച്ചിട്ടുണ്ട്.