2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഭരണകക്ഷി പരാജയപ്പെട്ടുവെന്ന മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രസ്താവനയില്‍ പാര്‍ലമെന്ററി സമിതി നടപടിയെടുക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. 2024ലെ ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് സമന്‍സ് അയയ്ക്കാനൊരുങ്ങി ഇരിയ്ക്കുകയാണ് പാര്‍ലമെന്ററി സമിതിയെന്നും പാര്‍ലമെന്ററി സമിതികളില്‍ ഒന്നില്‍ അധ്യക്ഷനായ നിഷികാന്ത് ദുബെ പറഞ്ഞു. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമന്‍സ് അയയ്ക്കുന്നതെന്നാണ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷികാന്ത് ദുബെ എംപി പറഞ്ഞത്.
കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയടക്കം പല സര്‍ക്കാരുകളും പരാജയപ്പെട്ടുവെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ മെറ്റ സിഇഒ നടത്തിയ പോഡ്കാസ്റ്റാണ് ബിജെപി എംപിയെ ചൊടിപ്പിച്ചത്. ലോകരാജ്യങ്ങളില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ വിശ്വാസ്യത കോവിഡ് ഇല്ലാതാക്കിയെന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമുള്ള സക്കര്‍ബര്‍ഗിന്റെ പോഡ്കാസ്റ്റ് പരാമര്‍ശം നേരത്തെ തന്നെ വിവാദമായിരുന്നു. ജനുവരി 10ന് പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലായിരുന്നു സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം.
ഇത് യുഎസില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. യുഎസിലെ ധാരാളം ആളുകള്‍ ഇത് ഒരുതരം അമേരിക്കന്‍ പ്രതിഭാസമായിട്ടാണ് കാണുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ കോവിഡിനോടുള്ള പ്രതികരണം ലോകമെമ്പാടുമുള്ള നിരവധി സര്‍ക്കാരുകളിലുള്ള വിശ്വാസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്ന്് ഞാന്‍ കരുതുന്നു.2024 ലോകത്താകമാനം വമ്പന്‍ തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും ഭരണകക്ഷികള്‍ പരാജയപ്പെട്ടു. അതൊരു ആഗോള പ്രതിഭാസമാണ്. വിലക്കയറ്റം കാരണമായാലും സര്‍ക്കാരുകള്‍ കോവിഡിനെ നേരിടാന്‍ ഉപയോഗിച്ച സാമ്പത്തിക നയങ്ങള്‍ കാരണമായാലും അവര്‍ കോവിഡിനെ നേരിട്ട രീതി കാരണമായാലും ഭരണകക്ഷികള്‍ പരാജയം രുചിച്ചു. യുഎസില്‍ മാത്രമല്ല, ആഗോളതലത്തില്‍ കോവിഡ് ഈ സ്വാധീനം ചെലുത്തിയതായി തോന്നുന്ന തരം ആഗോള പ്രതിഫലനമുണ്ടായിട്ടുണ്ട്. യുഎസിനപ്പുറം എല്ലായിടത്തും സര്‍ക്കാരുകള്‍ക്ക് വിശ്വാസ തകര്‍ച്ചയുണ്ടായി.
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഈ പ്രതികരണത്തിനെതിരെയാണ് പാര്‍ലമെന്ററി സമിതി നടപടിയെടുക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ എക്സില്‍ പ്രതികരിച്ചത്.
ഈ തെറ്റായ വിവരത്തിന് എന്റെ കമ്മിറ്റി മെറ്റായെ വിളിപ്പിക്കും. തെറ്റായ വിവരങ്ങള്‍ ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഈ തെറ്റിന് ഇന്ത്യന്‍ പാര്‍ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും ഈ സംവിധാനം മാപ്പ് പറയേണ്ടിവരും.
Read more