നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍: പാസ്‌പോര്‍ട്ട് ഇനി വിലാസം തെളിയിക്കാനായി ഉപയോഗിക്കാനാവില്ല

വിലാസം തെളിയിക്കാനുള്ള രേഖയായി ഭാവിയില്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതോടെ പാസ്‌പോര്‍ട്ട് വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമവിദഗ്ദ്ധര്‍ അറിയിച്ചു.

ഇപ്പോള്‍ നിലവിലുള്ള പാസ്‌പോര്‍ട്ടില്‍ ഒന്നാം പേജില്‍ വ്യക്തിയുടെ പേരും ഫോട്ടോയും അവസാന പേജില്‍ വിലാസവുമാണുള്ളത്. അതുകൊണ്ട് പാസ്‌പോര്‍ട്ട് വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി ഉപയോഗിച്ച് വരികയായിരുന്നു.

എന്നാല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വ്യക്തിയുടെ വിലാസം നേരത്തെ ലഭിക്കുന്നതിനാല്‍ പാസ്‌പോര്‍ട്ടിലെ അവസാന പേജ് പരിശോധിക്കാറില്ല. പാസ്‌പോര്‍ട്ടിലെ ബാര്‍കോര്‍ഡ് സ്‌കാന്‍ ചെയ്താലും വിവരങ്ങള്‍ ലഭിക്കും. പാസ്പോര്‍ട്ടിന്‍റെ അവസാന പേജില്‍ നിന്ന് പൂര്‍ണ്ണ വിലാസം ഒഴിവാക്കി      പുതിയ പാസ്പോര്‍ട്ട് നല്‍കാനാണ് പദ്ധതിയിടുന്നതെന്ന് പാസ്പോര്‍ട്ട് ഡിവിഷന്‍ നിയമകാര്യ വിഭാഗം   അണ്ടര്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ വ്യക്തമാക്കി.