ഉത്പാദന ലൈസൻസ് സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവച്ചതായി യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡ് സുപ്രീംകോടതിയെ അറിയിച്ചു. ഈ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയതായും ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി സുപ്രീംകോടതിയെ അറിയിച്ചു.
പരസ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇടനിലക്കാരോട് നൽകിയ അപേക്ഷ അംഗീകരിച്ചിട്ടുണ്ടോ എന്നും 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലി ആയുർവേദ് ലിമിറ്റഡിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പതഞ്ജലി വിഷയത്തിലെ വാദം കേൾക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് മാപ്പ് പറഞ്ഞതായും സുപ്രീം കോടതിയെ അറിയിച്ചു.
കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസിൽ വിശദ വാദം കേൾക്കുന്നതിനായി മാറ്റി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ജൂലൈ 30ന് കേസ് വീണ്ടും പരിഗണിക്കും.
നിർമാണ ലൈസൻസ് റദ്ദാക്കിയ 14 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് പതഞ്‌ജലി നിർത്തിയത്. സുപ്രിംകോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയായിരുന്നു ഉത്തരാഖണ്ഡ് അധികൃതർ പതഞ്ജലിക്കെതിരെ നടപടിയെടുത്തത്. ഈ വർഷം ഏപ്രിലിലാണ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങൾ സസ്‌പെൻഡ് ചെയ്തത്.