ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്കി. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് 2020ല്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. സര്‍വേയ്ക്ക് അഭിഭാഷക തമ്മീഷനെ നിയമിക്കാന്‍ ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്ന്‍ അനുമതി നല്കി.
മൂന്നംഗ കമ്മീഷനെ നിയോഗിക്കാനാണ് കോടതി തീരുമാനം. കേസില്‍ തുടര്‍ നടപടികള്‍ ഡിസംബര്‍ 18ന് കോടതി തീരുമാനിക്കും. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും സര്‍വേ നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കളിഞ്ഞ വര്‍ഷം ഡിസംബറില്‍ മഥുരയിലെ കോടതി വാദം ശരിവച്ചതിനെ തുടര്‍ന്ന് മസ്ജിദ് കമ്മിറ്റിയും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read more
2020 സെപ്റ്റംബര്‍ 25ന് ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ ലഖ്നോ കേന്ദ്രമായ രഞ്ജന്‍ അഗ്നിഹോത്രിയും മറ്റ് ആറുപേരും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ സ്ഥലം തങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. താമരയുടെയും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റ് കൊത്തുപണികളും പള്ളിയുടെ ചുവരിലുണ്ടെന്നും ഇത് ക്ഷേത്രത്തിന്റെ മുകളില്‍ പള്ളി നിര്‍മ്മിച്ചതിന്റെ തെളിവാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.