ഫോണും വാട്സാപ്പും ഹാക്ക് ചെയ്‌തവർ പണം ആവശ്യപ്പെട്ടു; അവരോട് സംസാരിച്ചു, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട് - സുപ്രിയ സുലെ

ഫോണും വാട്സാപ്പും ഹാക്ക് ചെയ്‌തവർ പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയെന്ന് എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. 400 യുഎസ് ഡോളർ ആവശ്യപ്പെട്ടാണ് ഹാക്കർമാർ ഭീഷണിപ്പെടുത്തിയത്. ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെയാണ് ഭീഷണിമുഴക്കിയതായുള്ള പുതിയ പരാതി.

അതേസമയം പാർട്ടി ജനറൽ സെക്രട്ടറി അതിഥി നാൽവഡെയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുപ്രിയ സുലെ പറഞ്ഞു. അതിഥിയോട് ഹാക്കർമാർ 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാമെന്ന് സമ്മതിച്ചുകൊണ്ട് ഹാക്കർമാരുമായി ഞങ്ങൾ സംസാരിച്ചുവെന്നും ഹാക്കർമാർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയെന്നും സുപ്രിയ സുലെ അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് മൊബൈൽ ഫോണും വാട്സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി സുപ്രിയ സുലെ പറഞ്ഞത്. ആരും എനിക്ക് മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും സുപ്രിയ സുലേ എക്സിലൂടെ അറിയിച്ചു. വിവരം പൊലീസിൽ അറിയിച്ചതായും സുപ്രിയ സുലെ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.

ഫോണ്‍ ചോര്‍ത്തലില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എംപി പറഞ്ഞു. സംഭവത്തില്‍ എംപി പുണെ റൂറല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭരണപക്ഷത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് സുപ്രിയ സുലെ.

Read more