ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പ്; ആപ്പിളിന് നോട്ടീസ് നല്‍കി കേന്ദ്ര ഐടി വകുപ്പ്

ഭരണകൂട പിന്തുണയോടെ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നതായി മുന്നറിയിപ്പ് നല്‍കിയ സംഭവത്തില്‍ ആപ്പിളിന് നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ എംപിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നതായാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പിന്നാലെ വിഷയം വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആപ്പിളിന് നോട്ടീസ് നല്‍കിയത്.

കേന്ദ്ര ഐടി സെക്രട്ടറി എസ് കൃഷ്ണനാണ് നോട്ടീസ് നല്‍കിയ സംഭവം സ്ഥിരീകരിച്ചത്. അന്വേഷണത്തോട് ആപ്പിള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണന്‍ പറഞ്ഞു. ഭരണകൂട പിന്തുണയോടെയുള്ള അറ്റാക്ക് എന്ന പ്രയോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയത്. ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചതിന്റെ മറുപടി അടിയന്തരമായി നല്‍കണമെന്നാണ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കമ്പനിയില്‍ നിന്നും സന്ദേശമെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ശശി തരൂര്‍ എംപിയും സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ച കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് ആരോപണങ്ങള്‍ തള്ളിയിരുന്നു.

അതേ സമയം മുന്നറിയിപ്പ് നല്‍കിയ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അത് ഹാക്കര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നായിരുന്നു കമ്പനിയുടെ വാദം.