ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോഷൂട്ട്; സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ പണി തെറിച്ചു

പ്രതിശ്രുത വധുവിനൊപ്പം ഓപ്പറേഷന്‍ തീയേറ്ററില്‍ ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടറും പ്രതിശ്രുത വധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്.

ഫോട്ടോഷൂട്ടിനായി ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങളും ലൈറ്റിംഗ് സജ്ജീകരണങ്ങളും ഉപയോഗിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് ജില്ലാ ഭരണകൂടം ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഒരു മാസം മുന്‍പാണ് മെഡിക്കല്‍ ഓഫീസറായി യുവ ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്.

Read more

അതേ സമയം ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഇടമാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള സ്ഥലമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.