വൈദിക സ്ഥാനത്തുനിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക്; മലയാളിയായ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന് സ്ഥാനക്കയറ്റം നല്‍കി മാര്‍പാപ്പ; പിറന്നത് പുതു ചരിത്രം

ചങ്ങനാശേരി അതിരൂപതാംഗം മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇദേഹം ഉള്‍പ്പെടെ 21 പേര്‍ക്കാണ് മാര്‍പാപ്പ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചുവരുകയാണ്. ഇവരുടെ സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും.

ഇതോടെ കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നായി. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്ബതികളുടെ മകനാണ് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട്.

അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.

സീറോമലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് നിലവില്‍ കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍.
വൈദികരെ നേരിട്ടു കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് കുറവാണ്. ഇന്ത്യന്‍ വൈദികനെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഇതാദ്യവുമാണ്. കര്‍ദിനാളുകന്നതിനു മുന്‍പായി മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരിയില്‍ നടക്കുമെന്നും സൂചനയുണ്ട്.