പ്രശാന്ത് കിഷോർ അറസ്റ്റിൽ; ബിപിഎസ്‍സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ നടപടി

ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ പട്‌നയിലെ ഗാന്ധി മൈതാനിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെ പ്രശാന്ത് കിഷോർ അറസ്റ്റിൽ. ജൻ സൂരജ് പാർട്ടി സ്ഥാപകനാണ് പ്രശാന്ത് കിഷോർ. പ്രശാന്ത് കിഷോറിനെ ആംബുലൻസിൽ എയിംസിലേക്ക് കൊണ്ടുപോയി.

നേരത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം ചെറുത്ത പ്രശാന്ത് കിഷോർ, മരണം വരെ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് പട്‌ന പൊലീസിന്‍റെ വൻ സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയിൽ നിന്ന് മാറ്റിയത്. ജനുവരി 2നാണ് പ്രശാന്ത് കിഷോർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി പി എസ്‌ സി) കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ നടത്തണം എന്നിവയാണ് ആവശ്യങ്ങൾ. ചോദ്യപേപ്പർ ചോർച്ച ആരോപിച്ചായിരുന്നു പ്രതിഷേധം. ഡിസംബർ 13ന് നടന്ന ബിപിഎസ്‌സി പ്രിലിമിനറി പരീക്ഷയിൽ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലാണ്. അതിനിടെയാണ് പ്രശാന്ത് കിഷോർ ഐക്യദാർഢ്യവുമായെത്തിയത്. അതേസമയം പരീക്ഷ റദ്ദാക്കണമെന്ന് പ്രശാന്ത് കിഷോർ നേരത്തെ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.

Read more