ഗോമൂത്രസേവ കൊണ്ട് അര്‍ബുദം മാറ്റിയെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞ ഠാക്കൂര്‍ പറഞ്ഞത് പച്ചക്കള്ളം, അര്‍ബുദചികിത്സയ്ക്കായി മൂന്നു സര്‍ജറികള്‍ നടത്തി, രണ്ടു സ്തനങ്ങളും നീക്കം ചെയ്തുവെന്ന് ഡോക്ടര്‍

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് മലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ ഠാക്കുറിനെ മൂന്ന് തവണ സര്‍ജറിക്ക് വിധേമാക്കിയിട്ടുണ്ടെന്ന് റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ എസ്.എസ് രജപുത്. ഗോമൂത്രവും ചാണകവും ചേര്‍ത്തുണ്ടാക്കിയ മിശ്രണം കഴിച്ചാണ് തന്റെ അര്‍ബുദം മാറിയതെന്ന് കഴിഞ്ഞ ദിവസം അവര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു.
കാന്‍സര്‍ അസുഖത്തെ തുടര്‍ന്ന് അവരുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നെന്നും സര്‍ജറി നടത്തിയത് താനാണെന്നും അദ്ദേഹം ദി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു.

“മൂന്ന് തവണ അവര്‍ സര്‍ജറിക്ക് വിധേയയായിട്ടുണ്ട്. സ്റ്റേജ് വണ്‍ വിഭാഗത്തില്‍ പെടുത്താവുന്ന കാന്‍സറായിരുന്നു അവരുടേത്. അസുഖം നേരത്തെ കണ്ടു പിടിക്കപ്പെട്ടിരുന്നു. 2008 ലാണ് ഞാന്‍ അവര്‍ക്ക് ആദ്യ സര്‍ജറി നടത്തുന്നത്. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അവരുടെ വലത് ബ്രസ്റ്റിലായിരുന്നു ട്യൂമര്‍-ഡോക്ടര്‍ പറഞ്ഞു. 2012 ലാണ് രണ്ടാമതും അവരെ രോഗം പിടികൂടുന്നത്. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ന് രണ്ടാമത്തെ സര്‍ജറി നടത്തുന്നത്. ഇതിന് ശേഷം മുംബൈയിലെ ആശുപത്രിയിലേക്ക് ചില ടെസ്റ്റുകള്‍ക്കായി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് 40 പേരിലധികം പേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്‌ഫോടനക്കേസില്‍ പിടിയിലായപ്പോള്‍ സമര്‍പ്പിച്ചതാണ്.

2017 ല്‍ പ്രജ്ഞ സിങ്ങിന് ജാമ്യം ലഭിച്ച ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവരുടെ ഇരുസ്തനങ്ങളും ഓപ്പറേറ്റ് ചെയ്തുവെന്നും ഡോക്ടര്‍ പറയുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ പ്രജ്ഞാ സിങ് ഠാക്കൂര്‍ പരിശോധനാ റിപ്പോര്‍ട്ടുകളുമായി തന്നെ സമീപിച്ചിരുന്നെന്നും അവരുടെ അരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവി കൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും അങ്ങിനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രജ്ഞാ സിങ് പറഞ്ഞിരുന്നു.