45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി; അതീവ സുരക്ഷയിൽ മടക്കം

വിവേകാനന്ദപ്പാറയിലെ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി അതീവസുരക്ഷയിലാണ് മോദി മടങ്ങിയത്. തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി തിരിച്ച് പോയത്.

ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽആദരമർപ്പിക്കുകയും ചെയ്ത ശേഷമാണ് ധ്യാനം ആരംഭിച്ചത്. സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദില ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺ​ഗ്രസ് ആവശ്യപെട്ടിരുന്നു. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു. മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂൺ ടിഎംസി നേതാവ് മഹുവ മൊയ്ത്ര പങ്കുവെച്ചിരുന്നു.