'അധികാര മോഹികൾക്ക് മാത്രമാണ് പ്രശ്നം'; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയിൽ പങ്കെടുത്തതിൽ ന്യായീകരണവുമായി പ്രധാനമന്ത്രി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയിൽ പങ്കെടുത്തതിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗണപതി പൂജയിൽ താൻ പങ്കെടുത്തതിൽ കോൺഗ്രസ്‌ അസ്വസ്ഥരാണെന്നും ഗണേശ പൂജയിൽ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും മോദി പറഞ്ഞു. സമൂഹത്തെ വിഭജിക്കുന്നവരാണ് ഗണേശ പൂജയെ എതിർക്കുന്നതെന്നും അധികാരത്തോട് ആർത്തിയുള്ളവർക്കാണ് ഇത് പ്രശ്നമാകുന്നതെന്നും മോദി പറഞ്ഞു.

ഭുവനേശ്വറിലെ ഒരു പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന. ഗണേശ ചതുർത്ഥിയുടെ ഭാ​ഗമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ​ഗണേശ പൂജയിലാണ് മോദി പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ വലിയ വിവാദങ്ങളും വിമർശനങ്ങളുമാണ് ഉയർന്നത്.

ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നൽകിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചിരുന്നു. ഇത്തരം പ്രവണതകൾ പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പരിധിക്കുള്ളിൽ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിക്ക് വളരെ മോശമായ സൂചനയാണ് നൽകുന്നതെന്നും പ്രശാന്ത് ഭൂഷൺ വിമർശിച്ചിരുന്നു.

Read more