എന്ത് മറുപടി നൽകും? ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പറയുക. ഇന്നലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ഒന്നര മണിക്കൂർ നീണ്ട ശക്തമായ പ്രസംഗം ഭരണപക്ഷത്തെ സഭയിൽ നിശ്ശബ്ദരാക്കിയിരുന്നു. പ്രതിപക്ഷത്തിനോടുള്ള മോദിയുടെ മറുപടി ഏത് വിധത്തിലായിരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

പാര്‍ലമെന്റിലെ പ്രസംഗത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കും. ലോക്‌സഭാ വിജയത്തിന് ശേഷം ആദ്യമായാണ് ഭരണകക്ഷി എംപിമാര്‍ ഒന്നടങ്കം പങ്കെടുക്കുന്ന യോഗം നടക്കുന്നത്. വെള്ളിയാഴ്ച തീരുമാനിച്ചിരുന്ന നന്ദി പ്രമേയ ചര്‍ച്ച നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ വൈകുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രചാരണങ്ങള്‍, നീറ്റ് പേപ്പര്‍ ചോര്‍ച്ച, അഗ്നിവീർ പദ്ധതി, മണിപ്പൂർ തുടങ്ങിയവാണ് പ്രധാനമായും രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ഇന്നലെ സഭയിൽ ഉന്നയിച്ചത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും കിരണ്‍ റിജിജുവിനും രാജ്‌നാഥ് സിങിനും വരെ രാഹുലിന്റെ കടുത്ത വിമര്‍ശനത്തിന്റെ ചൂടേറ്റുവാങ്ങേണ്ടിവന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും പ്രതിപക്ഷ നേതാവിന്റെ വക പരിഹാസം ലഭിച്ചു. തനിക്ക് കൈ തന്നപ്പോള്‍ നിവര്‍ന്നുനിന്ന സ്പീക്കര്‍ നരേന്ദ്ര മോദിക്ക് കൈകൊടുത്തപ്പോള്‍ തലകുനിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിക്കും ആര്‍എസ്എസിനും പങ്കുണ്ടെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രശ്നഗത്തിന് പിന്നാലെ പാര്‍ലമെന്റിൽ കോലാഹലം ഉണ്ടായി. ഭരണഘടനയുടെ പകര്‍പ്പുയര്‍ത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ഒപ്പം പരമശിവന്‍, യേശുക്രിസ്തു, ഗുരു നാനാക് സിംഗ്, പ്രവാചകന്‍ മുഹമ്മദ് നബി എന്നിവരുടെയടക്കം മതപരമായ അടയാളങ്ങളും ചില ഫോട്ടോകളുമായാണ് രാഹുല്‍ ഗാന്ധി പ്രസംഗം പൂര്‍ത്തിയാക്കിയത്. ബിജെപിക്കും അതിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍എസ്എസിനുമെതിരെ രൂക്ഷമായ ആക്രമണം നടത്തിയ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ എല്ലാ ഹിന്ദുക്കളെയും ബിജെപിയും ആര്‍എസ്എസും പ്രതിനിധീകരിക്കുന്നില്ല എന്ന് കൂടി വ്യക്തമാക്കി. രാഹുലിന്റെ വാക്കുകളിങ്ങനെ.

രാമക്ഷേത്രം നിര്‍മിച്ച അയോധ്യയില്‍ സാധാരണക്കാരയ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചു. ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുത്തു. അവരുടെ തൊഴിലുകള്‍ ഇല്ലാതാക്കി. ഇതില്‍ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് അഭിമുഖത്തില്‍ താന്‍ ബയോളജിക്കല്‍ അല്ലെന്ന് പറഞ്ഞ നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി ദൈവവുമായി നേരിട്ട് ബന്ധമുള്ളത് പ്രധാനമന്ത്രിക്കാണെന്ന് പരിഹസിച്ചു. ഗാന്ധിജിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഒരു സിനിമയെന്ന് മോദി പറഞ്ഞു. ഇതിനെക്കാള്‍ വലിയ അജ്ഞതയുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. ഈ രാജ്യം അഹിംസയുടേതാണ്, ഭയത്തിന്റേതല്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അയോധ്യയടങ്ങുന്ന ഫൈസാബാദില്‍ ജയിച്ചു കയറിയ സമാജ് വാദി പാര്‍ട്ടി എംപി അവധേഷ് പ്രസാദിന് പ്രസംഗത്തിനിടയില്‍ കൈ നല്‍കിയതും ശ്രദ്ധേയമായിരുന്നു.

അഗ്നവീര്‍ പദ്ധതി എന്തിന് വേണ്ടിയെന്ന് ആര്‍ക്കും അറിയില്ലെന്നും അഗ്നിവീറുകള്‍ക്ക് എന്തൊക്കെ ആനുകൂല്യം നല്‍കുമെന്നും ആര്‍ക്കും അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. അഗ്നിവീര്‍ സേനയുടെ സ്‌കീം അല്ലെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിന്റ് സ്‌കീം ആണെന്നും അത് സേനക്ക് അറിയാമെന്നും രാഹുല്‍ വിമര്‍ശിച്ചു. മണിപ്പൂര്‍ കലാപവും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മണിപ്പൂരിനെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ബിജെപിക്ക് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും രാഹുല്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മഹുവ മൊയ്ത്രയും രംഗത്തെത്തി. രാഹുലിന്റെ പ്രസംഗത്തിന് ശേഷം സഭയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തേക്കിറങ്ങിയപ്പോള്‍ ‘കഴിഞ്ഞിട്ടില്ല, എന്റെ പ്രസംഗം കൂടി കേട്ടിട്ടു പോകൂ’വെന്ന് പരിഹസിക്കുകയായിരുന്നു മഹുവ. മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പ്രധാന വിമര്‍ശനം.

Read more