വോട്ട് പിടിക്കാന്‍ സ്മൃതി ഇറാനി സാരിയും ഷൂസും വിതരണം ചെയ്യുകയാണെന്ന് പ്രിയങ്ക ഗാന്ധി

അമേഠിയില്‍ പരസ്പരം വാക്‌പോരിലേര്‍പ്പെട്ട് പ്രിയങ്ക ഗാന്ധിയും സ്മൃതി ഇറാനിയും. അമേഠിയില്‍ വോട്ട് പിടിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി പണവും സാരിയും ഷൂസും വിതരണം ചെയ്യുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി ആരോപിക്കുന്നത്.

എന്നാല്‍ എംപിയെ കാണാനില്ലെന്ന അമേഠിക്കാരുടെ ചോദ്യത്തിന് ഉത്തരം മുട്ടിയതു കൊണ്ടാണ് പ്രിയങ്ക ഇങ്ങനെ പറയുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. തങ്ങളെ യാചകരായി കാണുന്ന നേതാവിനെ അമേഠിക്കാര്‍ പിന്തുണയ്ക്കില്ലെന്നും അമേഠി തങ്ങളുടെ വീടാണെന്നും അമേഠിക്കാര്‍ കുടുംബാംഗങ്ങളാണെന്നും പ്രിയങ്ക പറഞ്ഞു.

അമേഠിയെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പ്രിയങ്ക. രാവിലെ അമേഠിയിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ശേഷം മാത്രമാണ് പ്രിയങ്ക മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പോകുന്നത്. സ്മൃതി ഇറാനിയും മണ്ഡലത്തില്‍ സജീവമാണ്. പുടാബ് ധ്വാര ഗ്രാമത്തിലെ പാടങ്ങളില്‍ തീ പടര്‍ന്നപ്പോള്‍ തീയണയ്ക്കാനും ബിജെപി സ്ഥാനാര്‍ത്ഥി എത്തിയിരുന്നു. അമേഠിയില്‍ അടുത്ത മാസം ആറിനാണ് വോട്ടെടുപ്പ്.