മമതയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം; പ്രിയങ്ക മാപ്പു പറയണമെന്ന് സുപ്രീം കോടതി

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച വനിതാ നേതാവ്പ്രിയങ്ക ശര്‍മ മാപ്പു പറയണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. യുവമോര്‍ച്ച വനിതാ നേതാവ് ഹൗറ കണ്‍വീനറാണ് പ്രിയങ്ക. ഉപാധികളോടെ പ്രിയങ്കയ്ക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്.

“” ഇവര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അംഗമാണ്. തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നില്ല. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തന്നെ മാപ്പു പറയാന്‍ നിര്‍ദേശിക്കുകയാണ്. ” സുപ്രീം കോടതി ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്നതാവരുത് അഭിപ്രായ സ്വാതന്ത്ര്യമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. മെയ് 9-ാം തിയതിയാണ് പ്രിയങ്ക ശര്‍മ്മ മോര്‍ഫു ചെയ്ത മമതാ ബാനര്‍ജിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

നടി പ്രിയങ്ക ചോപ്ര ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ അവതരിപ്പിച്ച വേഷത്തിലാണ് മോര്‍ഫിംഗ് നടത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.