സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന ഒക്ടോബര്‍ 23ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം എന്നാവശ്യപെട്ട് സമൻസ് അയക്കാൻ കോടതി നിര്‍ദ്ദേശം നൽകി.
രാഹുൽ ലണ്ടനിൽ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിൻ്റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ച് 5ന് ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്. ഏപ്രിലിലാണ് സത്യകി കേസ് ഫയല്‍ ചെയ്തത്. സവർക്കർ എന്ന കുടുംബപ്പേര് അപകീർത്തിപ്പെടുത്താനും കുടുംബത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്നും നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു സത്യകിയുടെ ഹർജി.