അയോദ്ധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു. കുറച്ചുകാലമായി ഛത്തീസ്ഗഡിലെ പാര്‍ട്ടി നേതാക്കളും രാധികയുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് രാജി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ പാര്‍ട്ടിയിനിന്ന് കടുത്ത അപമാനം നേരിട്ടതായി രാധിക പറയുന്നു. നേരത്തെ പാര്‍ട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് രാധിക ആരോപിച്ചിരുന്നു.

രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെയും രാധിക രംഗത്തെത്തിയിരുന്നു. ജീവിതത്തിന്റെ 22 വര്‍ഷത്തിലേറെ കാലം പാര്‍ട്ടിക്ക് വേണ്ടി നല്‍കിയ തനിക്ക് രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു, കോണ്‍ഗ്രസ് വിടേണ്ടി വന്നുവെന്നും രാധിക പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെച്ച രാധിക ഖേര മറ്റുപാര്‍ട്ടികളില്‍ ചേരുന്നതിനെക്കുറിച്ചുള്ള സൂചന പുറത്തുവിട്ടിട്ടില്ല.