നീറ്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുലും ഖാർഗെയും, അനുമതി നിഷേധിച്ച് സ്പീക്കർ; ഇരുസഭകളും നിർത്തിവച്ചു

പാർലമെന്റിൽ നീറ്റ് പരീക്ഷാ ക്രമക്കേട് അടിയന്തിര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ പ്രധാനമന്ത്രി പങ്കെടുത്തുകൊണ്ടുള്ള ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ ഇരു സഭകളിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.

ലോക്സ‌ഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയുമാണ് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടത്. പ്രതിപക്ഷവും ഭരണപക്ഷവും ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നൽകാനാവില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ ഇരു സഭകളിലെയും നടപടികൾ നിർത്തുവെച്ചു.

അതിനിടെ നീറ്റ് പരീക്ഷയിൽ അഴിമതി നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ട ​ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിക്ക് ആവർത്തിച്ച് പരീക്ഷ നടത്തിപ്പ് കരാർ നൽകിയെന്നും ഉത്തർപ്രദേശ്, ബിഹാർ സർക്കാരുകൾ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയാണിതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. എന്നാൽ മോദി സർക്കാർ 80 കോടിയുടെ കരാർ കഴിഞ്ഞ ഒക്ടോബർ വരെ നൽകിയെന്നും ഈ കമ്പനി ബിജെപിയെ പിന്തുണക്കുന്നത് കൊണ്ടാണ് കരാർ ലഭിച്ചതെന്നും ജയറാം രമേശ് വിമര്‍ശിച്ചു.