ദുരന്ത ഭൂമിയിലേക്ക് വീണ്ടും രാഹുല്‍ ഗാന്ധി; മണിപ്പൂര്‍ സന്ദര്‍ശനം ജൂലൈ 8ന്

മണിപ്പൂരിലെ പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലൈ 8ന് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെയും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടുള്ള രാഹുല്‍ പ്രതിപക്ഷ നേതാവായതിന് ശേഷം ഇതാദ്യമായാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

നേരത്തെ മണിപ്പൂര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയ്ക്കും ബിജെപിയ്ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദിയും ബിജെപിയും മണിപ്പൂരിലെ കലാപം കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ലോക്‌സഭയിലെ ആദ്യ പ്രസംഗത്തിലും രാഹുല്‍ ഗാന്ധി മണിപ്പൂര്‍ വിഷയം ഉന്നയിച്ചിരുന്നു.

എന്നാല്‍ രാഹുലിനെതിരെ കനത്ത ആക്രമണമാണ് ബിജെപി സഭയില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഹത്രാസ് ദുരന്ത പ്രദേശവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.