സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്ക് എതിരെ ബലാത്സംഗ പരാതി

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡൽഹി ഉത്തംനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 25നാണ് പിപി മാധവനെതിരെ പരാതിയുമായി ഇരുപത്തിയാറുകാരിയായ യുവതി പൊലീസിനെ സമീപിച്ചത്.

യുവതിയുടെ ബലാത്സംഗ പരാതിയിൽ ഡൽഹി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. വർഷങ്ങളായി സോണിയാ ഗാന്ധിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന മലയാളിയാണ് മാധവൻ.

ഐ.സി.സി ആസ്ഥാനത്തെ ജീവനക്കാരനായിരുന്ന ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് യുവതി ജോലി തേടി പി പി മാധവനെ സമീപിച്ചത്. പിന്നാലെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പി പി മാധവൻ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരയുടെ ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ഡിസിപി എം ഹർഷ വർദ്ധൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വ്യാജപരാതിയിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിപി മാധവൻ പറഞ്ഞു.