102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയിലെത്തിച്ച് ആര്‍ബിഐ; നീക്കം അതീവ രഹസ്യമായി അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെ

രാജ്യം കരുതല്‍ ശേഖരമായി യുകെയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്ന് 102 ടണ്‍ കൂടി ഇന്ത്യയിലെത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍ സൂക്ഷിച്ചിരുന്ന റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നാണ് 102 ടണ്‍ സ്വര്‍ണം തിരികെ എത്തിച്ചത്. നേരത്തെ മെയ് മാസത്തില്‍ യുകെയില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.

അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെയാണ് പ്രത്യേക വിമാനത്തില്‍ സ്വര്‍ണം രാജ്യത്തെത്തിച്ചത്. ഇന്ത്യയിലെ അതീവ സുരക്ഷ കേന്ദ്രങ്ങളിലേക്ക് സ്വര്‍ണം മാറ്റിയിട്ടുണ്ട്. നേരത്തെ ആര്‍ബിഐ പുറത്തിറക്കിയ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ മാസം വരെ 855 ടണ്‍ സ്വര്‍ണമാണ് രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണം.

അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണം ഇന്ത്യയില്‍ സൂക്ഷിക്കുന്നതിന് ഏറെ പ്രസക്തിയുള്ളതായാണ് വിലയിരുത്തല്‍. ആകെ കരുതല്‍ സ്വര്‍ണത്തില്‍ 510.5 ടണ്‍ നിലവില്‍ ഇന്ത്യയില്‍ തന്നെയുണ്ട്. വിദേശത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിസന്ധികളും ഇതിലൂടെ മറികടക്കാനാകും.

രാജ്യത്തിന് പുറത്ത് നിലവില്‍ 324 ടണ്‍ സ്വര്‍ണമാണ് സൂക്ഷിച്ചിട്ടുള്ളത്. യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നിവിടങ്ങളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്.