അർജുനയുള്ള തെരച്ചിൽ പുനരാരംഭിച്ചു; ഗംഗാവലി പുഴയിൽ ക്യാമറ ഇറക്കി പരിശോധന

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചു. ഇന്നത്തെ തെരച്ചിൽ നിർണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തെരച്ചിൽ ആരംഭിച്ചത്. അ‍ർജുനടക്കം മൂന്നുപേരെയാണ് കണ്ടത്തേണ്ടത്. ഇതിനായി ഗംഗാവലി പുഴയിൽ അണ്ടർവാട്ടർ ക്യാമറയിറക്കി പരിശോധന നടത്തും.

നാവിക സേന നിർദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചിൽ നടത്തുക. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് ഈ തെരച്ചിൽ. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം. ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്.

ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്.

ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിര്‍വശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. കൂടാതെ ബാരിക്കേഡുകള്‍ വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

Read more