ജമ്മു കശ്മീരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ മസ്ജിദിനുള്ളിൽ ഭീകരർ വെടിവച്ചു കൊന്നു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ബാരാമുള്ളയിലെ മുസ്ലീം പള്ളിയിൽ നിസ്കരിക്കുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം. മുൻ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്.

മിർ നഗരത്തിലെ ഗന്തമുള്ള ബാല ഏരിയയിലെ ഒരു പ്രാദേശിക പള്ളിയിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തെത്തുടർന്ന് പ്രദേശം പൊലീസ് വളഞ്ഞു. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read more

കഴിഞ്ഞ മാസം, ശ്രീനഗറിലെ ഈദ്ഗാഹ് മസ്ജിദിന് സമീപം തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഇൻസ്പെക്ടർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈദ്ഗാഹ് ഗ്രൗണ്ടിൽ പ്രാദേശത്തെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം.