ശാരദാ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ; സുപ്രീം കോടതി ഇന്ന് വിധി പറയും

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാജീവ് കുമാര്‍ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചെന്നാണ് സിബിഐ വാദം. അതേ സമയം ബംഗാളില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ മമത സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാകും.

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാര്‍. 2014ല്‍ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊല്‍ക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.