റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടന്ന് കേന്ദ്രസര്‍ക്കാര്‍. അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
രേഖകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ ഉച്ചക്ക് ശേഷം അറിയിക്കാന്‍ കോടതി അറ്റോണി ജനറലിന് നിര്‍ദേശം നല്‍കി. റഫാല്‍ ഇടപാടിലെ രേഖകള്‍ ദ ഹിന്ദു ദിനപത്രത്തിന് ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കെ.കെ വേണുഗോപാലിന്റെ പരാമര്‍ശം.
റഫാല്‍ ഇടപാടില്‍ നരേന്ദ്രമോദി സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുന:പരിശോധന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അഴിമതി നിരോധന നിയമപ്രകാരം മോദി കുറ്റക്കാരനാണെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.
Read more
മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.