കേരള ബാങ്കിന് ഭീഷണി; എല്ലാ നഗരങ്ങളിലും സഹകരണ ബാങ്കുകളുമായി കേന്ദ്ര സര്‍ക്കാര്‍; അനുമതി നല്‍കി റിസര്‍വ് ബാങ്ക്; കേരളത്തില്‍ പ്രശ്‌നം രൂക്ഷമാകും

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ വരുന്നു. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരില്‍ വരുന്ന സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിനെയായിരിക്കും. കേന്ദ്രം നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.യു.സി.എഫ്.ഡി.സി) കീഴിലായിരിക്കും കേന്ദ്ര നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

എന്‍.യു.സി.എഫ്.ഡി.സിക്ക് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലയുടെ സ്വയം നിയന്ത്രണ സ്ഥാപനമായും പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചു. കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നേതാടെ കേരള ബാങ്കിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും.

എ.ടി.എം സൗകര്യം, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ക്ലിയറിംഗ് സംവിധാനം, എസ്.എല്‍.ആര്‍ (നിയമപരമായ ലിക്വിഡിറ്റി റേഷ്യോ) പരിധി നിലനിര്‍ത്തുന്നത്, റീഫിനാന്‍സിംഗ് എന്നിവ നല്‍കുന്നതിന് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കും.

നിലവില്‍ രാജ്യത്തുടനീളം 11,000 ശാഖകളോടെ 1,500ല്‍ അധികം അര്‍ബന്‍ സഹകരണ ബാങ്കുകളുണ്ട്. അമിത് ഷാ മന്ത്രിയായ സഹകരണ വകുപ്പിന്റെ കീഴിലായിരിക്കും ഇത്തരം ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

ഗുജറാത്തിലെ സഹകരണ ബാങ്കുകളുടെ സംസ്ഥാന പ്രസിഡന്റും ആര്‍.എസ്.എസിന്റെ കീഴിലുള്ള സഹകാര്‍ ഭാരതിയുടെ ദേശീയ പ്രസിഡന്റുമായ ജ്യോതീന്ദ്രമേത്തയാണ് എന്‍.യു.സി.എഫ്.ഡി.സിയുടെ ചെയര്‍മാന്‍. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും അര്‍ബന്‍ സഹകരണ ബാങ്കിംഗ് മേഖലയുടെ നിയന്ത്രണ സ്ഥാപനമായും പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയുണ്ട്.