"ഷെയിംലെസ് സ്മൃതി''; രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തിന് എതിരെ ട്വിറ്ററില്‍  ഹാഷ്ടാഗ് ക്യാമ്പയിന്‍

രാഹുല്‍ ഗാന്ധിയുടെ ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ബഹളം വെച്ച ബി.ജെ.പി എം.പി സ്മൃതി ഇറാനിയ്ക്ക് മറുപടിയുമായി ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍. ട്വിറ്ററില്‍ ഷെയിംലെസ് സ്മൃതി എന്ന ഹാഷ്ടാഗില്‍ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളായ ബി.ജെ.പി നേതാക്കളുടെ ലിസ്റ്റ്  ചേര്‍ത്തു കൊണ്ടാണ് പ്രചാരണം.

ഇരുപതോളം പ്രമുഖരായ ബി.ജെ.പി നേതാക്കളുടെ പേരുകളാണ് ലിസ്റ്റില്‍  ഉള്ളത്. എം.ജെ അക്ബര്‍, കുല്‍ദീപ് സെംഗാര്‍, വിജയ് ജോളി, ചിന്മായനന്ദ്, സാക്ഷി മഹാരാജ്, രാഘവി, ഉമേഷ് അഗര്‍വാള്‍, പ്രമീന്ദര്‍ കട്ടാരിയ, ജയേഷ് പട്ടേല്‍, ശാന്തിലാല്‍ സോളങ്കി, രവീന്ദ്ര ബവാന്റഡേ, ഡി.എന്‍ ജീവരാജ്, കൃഷ്ണമൂര്‍ത്തി, എച്ച്.എസ് റാവത്ത്, അശോക് തനേജ, നിഹാല്‍ ചന്ദ, എച്ച്. ഹാലപ്പ, ഹമിദ് സദാര്‍, ഗോവിന്ദ് പരുമലാനി, അശോക് മക്വാന എന്നീ ബി.ജെ.പി എം.പിമാരും എം.എല്‍.എമാരുമടക്കമുള്ളവരുടെ പേരുകളാണ് പുറത്തുവിട്ടത്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. നരേന്ദ്രമോദി പറയാറുണ്ടായിരുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ, റെയ്പ്പ് ഇന്‍ ഇന്ത്യയായി മാറിയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ പരാമര്‍ശം നടത്തിയത്. പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശരാജ്യങ്ങള്‍ ചോദിക്കുകയാണെന്നും രാഹുല്‍  പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ ബി.ജെ.പി എം.പിമാര്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശം. ഇതാണോ രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം? രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.‘എല്ലാ പുരുഷന്മാരും പീഡിപ്പിക്കുന്നവരല്ല. രാഹുല്‍ ഗാന്ധി 50-നോട് അടുക്കുന്നു. പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരാമര്‍ശമെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുന്നില്ല’- സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

.