'ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യം, ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങള്‍'; ശക്തമായ അന്വേഷണം വേണമെന്ന് യെച്ചൂരി

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവം ഗൗരവതരമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയിലും ക്രത്രിമമുണ്ടെന്നാണ് നാലു ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു

ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് അന്വേഷിക്കേണ്ടതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണം. അനുവദിക്കാന്‍ പാടില്ലാത്തതാണിതെന്നും യെച്ചൂരി വ്യക്തമാക്കി

അതേസമയം സംഭവത്തിനു ശേഷം സുപ്രീം കോടതി നടപടികള്‍ പുനഃരാരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ നാളെ അടിയന്തിരമായി യോഗം ചേരും. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നേരത്തെ അദ്ദേഹം ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രിം കോടതി പരിസരം സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്‌ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തി ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.