ഗുജറാത്ത് മുഖ്യമന്ത്രി ഞാനല്ല! കള്ളപ്രചാരണങ്ങൾ കാര്യമാക്കേണ്ടതില്ല; സ്‌മൃതി ഇറാനി

ഗുജറാത്ത് മുഖ്യമന്ത്രി താന്‍ ആയിരിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് മന്ത്രി ആരോപിച്ചു. കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അത്തരം താത്പര്യങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.

എന്‍.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് സ്‌മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിൽ വിജയനില താഴേക്ക് പോയതിനാലാണ് സ്‌മൃതി ഇറാനിയുടെ പേരുകൾ ഉൾപ്പടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലരും നിർദേശിച്ചത്. തിരഞ്ഞൈടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിയെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്.

എന്നാല്‍ 150 സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും 99 സീറ്റിലേക്ക് ബി.ജെ.പിക്ക് ഒതുങ്ങേണ്ടി വന്നു. കേന്ദ്ര വാര്‍ത്താ വിതരണ – പ്രക്ഷേപണം, ടെക്സ്റ്റൈല്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് സ്മൃതി ഇറാനി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ളത് തെറ്റായ പ്രചാരണമാണെന്നും ഇതിനെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് സ്മൃതി വ്യക്തമാക്കിയിട്ടുള്ളത്.