രാഹുലിന്റെ ക്ഷമയിലും മനക്കരുത്തിലും വിശ്വാസമെന്ന് അമ്മ, സോണിയയുടെ കാലം വളര്‍ച്ചയുടേതെന്ന് മന്‍മോഹന്‍

രാഹുലിന്റെ സ്ഥാനാരോഹണത്തോടെ കോണ്‍ഗ്രസില്‍ പുതിയ കാലത്തിന് തുടക്കമായെന്ന് സോണിയാ ഗാന്ധി.യുവനേതൃത്വത്തെയാണ് രാജ്യത്തിനാവശ്യം. രാഹുലിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും ആരോപണവുമാണ് അവനെ ശക്തിപ്പെടുത്തിയത്. രാഹുലിന്റെ ക്ഷമയിലും മനക്കരുത്തിലും എനിക്ക് വിശ്വാസമുണ്ട് സോണിയ പറഞ്ഞു.

ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനാണു നമ്മുടെ പോരാട്ടം. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഭയത്തിന്റെ അന്തരീക്ഷമാണു രൂപം കൊണ്ടിരിക്കുന്നത്. ഏതു തരത്തിലുമുള്ള ത്യാഗത്തിനും കോണ്‍ഗ്രസ് തയാറാണെന്നും സോണിയ പറഞ്ഞു. ചരിത്രപരമായ ഒരു ദൗത്യമായിരുന്നു എന്റെ കൈകളിലുണ്ടായിരുന്നത്. ഞാന്‍ അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. നമ്മുടെ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്റെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല വഴികാട്ടികളും കൂടിയാണെന്നും സോണിയ പറഞ്ഞു.

സോണിയ ഗാന്ധി പ്രസിഡണ്ടായ കാലം ചരിത്ര നേട്ടങ്ങളുടേതായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. 10 വര്‍ഷത്തെ യുപിഎ ഭരണത്തില്‍ രാജ്യം റെക്കോര്‍ഡ് വളര്‍ച്ചയാണഅ നേടിയത്. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിന്ന്. രാജ്യത്ത് മാറ്റത്തിനു വഴിതെളിയിക്കാന്‍ രാഹുലിനു കഴിയും. പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ രാഹുലിന് കഴിയുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.