ഗവർണർമാർക്കുള്ള പ്രത്യേക പരിരക്ഷ; വിശദപരിശോധനക്ക് സുപ്രീംകോടതി, അറ്റോർണി ജനറലിന്റെ സഹായം തേടി

ഗവർണർമാർക്ക് അനുവദിച്ചിരിക്കുന്ന ഭരണഘടനാപരമായ ഇളവുകളുടെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി. ഗവർണർ സിവി ആനന്ദ ബോസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ രാജ്ഭവനിലെ വനിതാ ജീവനക്കാരി നൽകിയ ഹർജിയെ തുടർന്നാണ് തീരുമാനം. വിഷയത്തിൽ അറ്റോർണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടിയിട്ടുണ്ട്.

ഗവർണറുടെ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പശ്ചിമ ബംഗാൾ ഗവർണർക്കും കോടതി നോട്ടീസ് അയച്ചു. വിഷയവുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ സഹായമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തേടിയത്. വിഷയം പ്രധാനപ്പെട്ടതാണെന്നും ബെഞ്ച് ചൂണ്ടി കാട്ടി.

ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പശ്ചിമ ബംഗാൾ സംസ്ഥാനത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തിൽ യൂണിയനെ കക്ഷി ചേർക്കാൻ ഹർജിക്കാരന് അനുവാദം നൽകി.

ആർട്ടിക്കിൾ 361 പ്രകാരം ഗവർണർമാർക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ടെങ്കിലും ക്രിമിനൽ കേസുകളിൽ അന്വേഷണം ആരംഭിക്കണമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ വളരെ ഗുരുതരമായ ഒരു സംഭവമാണ് നടന്നിരിക്കുന്നതെന്നും അന്വേഷണം നടത്തണമെന്നും അഭിഭാഷകൻ അറിയിച്ചു. അതേസമയം വാദം കേട്ട കോടതി ഗവർണർമാർക്ക് അനുവദിച്ചിരിക്കുന്ന ഭരണഘടനാപരമായ ഇളവുകളുടെ സാധുത പരിശോധിക്കുമെന്ന് വ്യക്തമാക്കി. മൂന്നാഴ്ചയ്ക്ക് ശേഷം അടുത്ത വാദം കേൾക്കാൻ ബെഞ്ച് തീരുമാനിച്ചു.