സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ആപ്പിള്‍ സഹസ്ഥാപകന്‍ അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സിന് പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ കുഴഞ്ഞ് വീണു.. ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തിനു മുമ്പാണു ലോറീന്‍ കുഴഞ്ഞുവീണത്. വന്‍ജനത്തിരക്കുമൂലമുള്ള അസ്വസ്ഥത കാരണമാണ് കുഴഞ്ഞുവീണതെന്നു സ്വാമി കൈലാസാനന്ദ ഗിരി പറഞ്ഞു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തിരിക്കാണ് അവര്‍ കുംഭമേളയ്ക്കിടെ നേരിടേണ്ടിവന്നത്.

അതുമൂലമുള്ള അസ്വസ്ഥതകള്‍ മാത്രമാണുള്ളത്. നമ്മുടെ പാരമ്പര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് അറിയാനാണ് അവര്‍ എത്തിയത്. ആരോഗ്യം വീണ്ടെടുത്താല്‍ ലോറീന്‍ ഗംഗാനദിയില്‍ അമൃതസ്നാനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 61കാരിയായ ലോറീന്‍ പവല്‍ സ്വാമി കൈലാശാനന്ദ ഗിരിയുടെ ക്യാമ്പിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ലോറീന്‍ പ്രയാഗ്രാജിലെത്തിയത്.

തിങ്കളാഴ്ച കുംഭമേളയുടെ ഭാഗമായുള്ള വിവിധ ചടങ്ങുകളില്‍ അവര്‍ പങ്കെടുത്തിരുന്നു. അടുത്തിടെയാണ് അവര്‍ ‘കമല’ എന്ന പേര് സ്വീകരിച്ചത്. ഇന്നു വൈകിട്ട് വരെ പ്രയാഗ്രാജിലെ നിരഞ്ജിനി അഖാര ക്യാമ്പില്‍ തങ്ങുന്ന അവര്‍ പിന്നീട് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ യു.എസിലേക്കു മടങ്ങും.

അതേസമയം മഹാകുംഭമേളയ്ക്കെത്തിയ 3.5 കോടി ഭക്തര്‍ മകര സംക്രാന്തി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി. ആറാഴ്ച നീണ്ടുനില്‍ക്കുന്ന മഹാകുംഭമേളയില്‍ 40 കോടി ആളുകള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.

പാലാഴിമഥനത്തില്‍ ലഭിച്ച അമൃതിന്റെ നാല് തുള്ളികളിലൊന്ന് പതിച്ചതു പ്രയാഗ്രാജിലാണെന്നതാണു മഹാകുംഭമേളയുടെ ഐതിഹ്യം. ആറ് വര്‍ഷത്തിലൊരിക്കല്‍ അര്‍ധകുംഭമേളയും 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണകുംഭമേളയും 12 പൂര്‍ണകുംഭമേളകള്‍ കൂടുമ്പോള്‍ (144 വര്‍ഷം) മഹാകുംഭമേളയും നടന്നുവരുന്നു. ഒരു ജന്മത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന മഹാകുംഭമേളയ്ക്കു സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിനു പേരാണു പ്രതിദിനം പ്രയാഗ്രാജിലേക്കൊഴുകുന്നത്.

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കു താമസിക്കാന്‍ 9900 ഏക്കറിലായി ഒന്നരലക്ഷത്തോളം കൂടാരങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.ബഹിരാകാശത്തുനിന്നുപോലും ദൃശ്യമാകുന്ന, ലോകത്തിലെ ഏറ്റവും വലിയ ആത്മീയമേളയുടെ ചിത്രങ്ങള്‍ 2019-ല്‍ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു. മേളയുടെ സുഗമമായ നടത്തിപ്പിന് അരലക്ഷം സുരക്ഷാസൈനികരെകൂടി വിന്യസിച്ചിട്ടുണ്ട്.