സുപ്രീംകോടതി നടപടികള്‍ പുനഃരാരംഭിച്ചു; ബാര്‍ കൗണ്‍സില്‍ അടിയന്തര യോഗം നാളെ; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവത്തിനു ശേഷം സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ നാളെ അടിയന്തിരമായി യോഗം ചേരും. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നേരത്തെ അദ്ദേഹം ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രിം കോടതി പരിസരം സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തി ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

അതേ സമയം സംഭവത്തില്‍ നരേന്ദ്ര മോഡി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് മോഡി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും മോഡി ആവശ്യപ്പെട്ടതായി എ.എന്‍.ഐ റി്‌പ്പോര്‍ട്ട് ചെയ്തു.

കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണ സംവിധാനം ക്രമത്തിലല്ല. ഒട്ടും സന്തോഷത്തോടെയല്ല വാര്‍ത്താ സമ്മേളനത്തിന് തുനിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യാമായാണ് കോടതികള്‍ അടച്ചിട്ട് സുപ്രിം കോടതി ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്.