അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നു; നടപടി സ്റ്റേ നിലനിൽക്കെ, അതൃപ്തി അറിയിച്ച് സുപ്രീം കോടതി

അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തി പ്രകടമാക്കി . സുപ്രീംകോടതി സ്റ്റേ നിലനിൽക്കെയാണ് അതിര്‍ത്തി നികുതി പിരിക്കുന്നത്. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഇതിന് എങ്ങനെ സാധിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

കേരളം,തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതി ഇടപെട്ടതോടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉറപ്പ് നൽകി.

റോബിൻ ബസിന്‍റെ ഉൾപ്പടെ 94 ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്. അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ ഫീസ് നൽകിയാൽ സംസ്ഥാന നികുതി നൽകേണ്ടെന്നാണ് ബസ് ഉടമകളുടെ വാദം.
എന്നാൽ പെര്‍മിറ്റ് ഫീസില്‍ അന്തർ സംസ്ഥാന നികുതി ഉള്‍പ്പെടുന്നില്ലെന്ന് കാട്ടി കേരളം അടക്കം നികുതി ഈടാക്കിയിരുന്നു.

Read more

കേസിൽ കേരള ലൈൻസ് ബസ് ഉടമകൾക്കായി അഭിഭാഷകരായ മഹേഷ് ശങ്കരസുബ്ബൻ സഹസ്രനാമം, അർജ്ജുൻ ഗാർഗ് എന്നിവർ ഹാജരായി. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് , സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.