കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാംങ്മൂലം നൽകാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മാപ്പുപറഞ്ഞു കൊണ്ട് സത്യവാങ്മൂലം നൽകിയാൽ ചൊവ്വാഴ്ച കേസ് പരിഗണിച്ച് തീർപ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
എന്നാൽ മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ അറിച്ചിട്ടുണ്ട്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറലും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. മാപ്പു പറയാത്ത പക്ഷം ഭൂഷണ് എന്തു ശിക്ഷ നൽകുമെന്നതിലേക്ക് സുപ്രീംകോടതി കടക്കും. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
Read more
മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലർ അഴിമതിക്കാരെന്ന് തെഹൽക മാഗസിന് അഭിമുഖം നൽകിയതിനെതിരെയും ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി കേസെടുത്തിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്നത്തെ പരിഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കുന്ന പശ്ചാത്തലത്തിൽ ഉടൻ വിധി പുറപ്പെടുവിക്കാനാണ് സാദ്ധ്യത.