കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനം അടുത്തയാഴ്ച. ഇന്നലെ ചീഫ് ജസറ്റിസ് ദീപക് മിശ്ര ജഡജിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. 20 മിനിട്ടോളം നീണ്ടു നിന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും സുപ്രീംകോടതിയിലെ നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉന്നയിക്കപ്പെട്ടതായാണ് സൂചന. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് ജഡ്ജിമാരുടെ ആവശ്യം.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരെ ചീഫ് ജസറ്റിസ് ചേംബറിലേക്ക് വിളിച്ചാണ് ചര്‍ച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങളില്‍ ജഡജിമാര്‍ ഉറച്ചുനിന്നു. എന്നാല്‍ സമവായത്തിന് മാറ്റങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലാണ് നാലു ജഡ്ജിമാരും. മാറ്റങ്ങള്‍ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
Read more
അതിനിടെ സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ചോരുന്നതില്‍ ജഡ്ജിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. യോഗങ്ങളിലെ വിവരങ്ങള്‍ പോലും ചോരുന്നുണ്ടെന്നാണ് ജഡജിമാര്‍ പരാതിപ്പെടുന്നത്. അതേസമയം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ചീഫ് ജസറ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല.