ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; മുതലെടുപ്പിന് അനുവദിക്കില്ലെന്ന് ഗവര്‍ണര്‍; ആര്‍എന്‍ രവി ആര്യനാണോയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; വിവാദം

ചെന്നൈയില്‍ നടന്ന ഹിന്ദി മാസാചരണ വിവാദത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി. ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് അദേഹം പറഞ്ഞു. ഹിന്ദിയ്‌ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ കേവലം കാരണങ്ങള്‍ മാത്രമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ഹിന്ദി പഠിക്കാന്‍ ജനങ്ങളില്‍ ആഗ്രഹം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

തമിഴ്‌നാടിനെ ഇന്ത്യയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും തമിഴ് ഭാഷയെ മുന്‍നിര്‍ത്തിയുള്ള മുതലെടുപ്പിന് അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തമിഴ്‌നാടിന്റെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് മാറ്റി നിര്‍ത്താന്‍ അവര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. ഹിന്ദിയെ മനഃപൂര്‍വം ഒഴിവാക്കുന്നു. കന്നഡ ദിവസവും മലയാളം ദിവസവുമെല്ലാം ആഘോഷിക്കുന്നു. എന്നാല്‍ ഹിന്ദി ദിവസ് വരുമ്പോള്‍ പ്രതിഷേധിക്കുന്നു. വിഘടനവാദികളുടെ അജണ്ടയാണ് ഇത്. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ വിദ്യാഭ്യാസം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ട സ്ഥിതിയുണ്ടായി. ഒടുവില്‍ അത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവിക്കേണ്ടി വന്നെന്നും ഗവണര്‍ പറഞ്ഞു.

Read more

എന്നാല്‍ വിവാദത്തില്‍ ഗവര്‍ണര്‍ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി മാസാചരണത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ മനുഷ്യര്‍ക്കിടയിലെ ഐക്യം തകര്‍ക്കാന്‍ നോക്കരുത്. ഗവര്‍ണര്‍ക്ക് ദ്രാവിഡ അലര്‍ജിയാണ്. ദേശീയ ഗാനത്തില്‍ നിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാന്‍ പറയുമോ എന്നും സ്റ്റാലിന്‍ ചോദിച്ചു.