മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യയില്‍ ആവശ്യമില്ല; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി; വ്യാപക പ്രതിഷേധം

മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ആവശ്യമില്ലെന്നുള്ള വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതിലൊന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതേതരത്വം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? മതേതരത്വം എന്നത് ഒരു യൂറോപ്യന്‍ ആശയമാണ്. അത് ഇന്ത്യന്‍ ആശയമല്ലന്നും അദേഹം പറഞ്ഞു.

1976ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം എന്ന ആശയം ഉയര്‍ന്നുവന്നതെന്ന് അദേഹം ന്യായീകരിച്ചു. ഭരണഘടനാ രൂപവത്കരണവേളയില്‍ ചിലര്‍ മതേതരത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ നിര്‍മാണ സഭയിലെ മുഴുവന്‍ അംഗങ്ങളും മതേതരത്വം നമ്മുടെ രാജ്യത്തോ എന്നാണ് ചോദിച്ചത്.

Read more

എവിടെയെങ്കിലും എന്തെങ്കിലും സംഘര്‍ഷമുണ്ടോ? ഭാരതം ധര്‍മത്തില്‍നിന്നാണ് ജന്മംകൊണ്ടത്. ധര്‍മത്തില്‍ എവിടെയാണ് സംഘര്‍ഷമുണ്ടാവുകയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.