വിജയ്യുടെ നീറ്റിലെ നിലപാട് തമിഴ്‌നാട് ബിജെപിക്ക് ഗുണകരം; മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം വരും; സ്വാഗതം ചെയ്ത് കെ അണ്ണാമലൈ

നീറ്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ തമിഴക വെട്രി കഴകം നേതാവ് വിജയ് നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി. വിജയിയുടെ നിലപാട് തമിഴ്നാട്ടില്‍ തങ്ങള്‍ക്ക് ഗുണകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു.

ഡിഎംകെയുടെ അതേനിലപാടാണ് വിജയ് സ്വീകരിക്കുന്നതെന്നും വ്യക്തമായെന്നും അതിനാല്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ തമിഴക വെട്രി കഴകത്തിനുപകരം ബിജെപിയെ പിന്തുണയ്ക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ബിജെപി നീറ്റിനെ പിന്തുണയ്ക്കുന്നതെന്നും മറ്റുള്ള പാര്‍ട്ടികള്‍ ഇതില്‍ രാഷ്ട്രീയലാഭമാണ് ലക്ഷ്യമിടുന്നതെന്നും അദേഹം ആരോപിച്ചു. നീറ്റിനെ എതിര്‍ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ പിഎംകെ പോലും നീറ്റിനെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

നീറ്റ് പരീക്ഷയ്‌ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കു പൂര്‍ണ പിന്തുണനടനും തമിഴക വെട്രിക് കഴകം നേതാവുമായ വിജയ് വാഗ്ദാനം നല്‍കിയിരുന്നു.. ഗ്രാമീണ മേഖലയിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ, പ്രത്യേകിച്ചു പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരെ നീറ്റ് പ്രതികൂലമായി ബാധിക്കുകയാണെന്നും ഇതു സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ വിജയ് പറഞ്ഞു.

‘ഒരു രാജ്യം, ഒരു പരീക്ഷ, ഒരു സിലബസ്’ എന്ന ആശയം വൈവിധ്യങ്ങള്‍ക്ക് എതിരാണ്. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് സിലബസ് രൂപകല്‍പന ചെയ്യണം. വൈവിധ്യം ശക്തയാണ്, ബലഹീനതയല്ലെന്നും വിജയ് പറഞ്ഞിരുന്നു.

സംസ്ഥാന സിലബസിന് കീഴില്‍ പ്രാദേശിക ഭാഷയില്‍ പഠിച്ച വിദ്യാര്‍ഥികളോട് എന്‍സിഇആര്‍ടി സിലബസ് അടിസ്ഥാനമാക്കി പരീക്ഷ എഴുതാന്‍ പറയാനാകില്ല.അടുത്തിടെ പുറത്തുവന്ന ക്രമക്കേടോടെ പരീക്ഷയിലുള്ള വിശ്വാസം നഷ്ടമായി. നീറ്റ് നിരോധിക്കുക എന്നത് മാത്രമാണ് പോംവഴി.

തമിഴ്നാട് നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിനെ പൂര്‍ണഹൃദയത്തോടെ പിന്തുണയ്ക്കുന്നെന്നും വിജയ് പറഞ്ഞു. ഡിഎംകെ വിശേഷിപ്പിക്കുന്നതു പോലെ കേന്ദ്രസര്‍ക്കാരിനെ ‘ഒന്‍ട്രിയ അരസ്'(യൂണിയന്‍ ഗവണ്‍മെന്റ്) എന്നും വിളിച്ചു. 2017ല്‍ തമിഴ്‌നാട്ടില്‍ നീറ്റ് നടപ്പാക്കിയതിനു പിന്നാലെയുണ്ടായ വിദ്യാര്‍ ആത്മഹത്യയെ തുടര്‍ന്നും നീറ്റിനെതിരെ വിജയ് രംഗത്തെത്തിയിരുന്നു.