മോദിയുടെ പിതാവിന്റെ ചായക്കടയെപ്പറ്റിയുള്ള രേഖകളൊന്നുമില്ല; രണ്ടാം ഹർജിയും തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവായ ദാമോദർ ദാസിന്റെ ചായക്കടയെക്കുറിച്ചുള്ള വിവരങ്ങൾ ആർ.ടി.ഐ (വിവരാവകാശ നിയമം) വഴി അന്വേഷിച്ച്‌ അഭിഭാഷകൻ സമർപ്പിച്ച രണ്ടാമത്തെ അപ്പീലും കേന്ദ്ര വിവര കമ്മീഷൻ (സിഐസി) തള്ളി. ആർ.ടി.ഐ പ്രകാരം ആവശ്യപ്പെട്ട രേഖകളൊന്നും ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഫയൽ ചെയ്യാൻ സിഐസി (കേന്ദ്ര വിവര കമ്മീഷൻ) സിപിഐഒ വെസ്റ്റേൺ റെയിൽ‌വേയോട് നിർദ്ദേശിച്ചു എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

വിവരാവകാശ പ്രവർത്തകനും ഹരിയാന കോടതിയിൽ അഭിഭാഷകനുമായ പവൻ പരിക് രണ്ട് വർഷം മുമ്പ് മോദിയുടെ പിതാവ് നടത്തിയിരുന്നു എന്ന് പറയപ്പെടുന്ന ചായക്കടയെപ്പറ്റിയുള്ള പതിനൊന്നു പോയിന്റ് ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യപ്പെട്ട് സിപിഐഒ വെസ്റ്റേൺ റെയിൽ‌വേ മുമ്പാകെ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ചായക്കടയുടെ / കടയുടെ പാട്ടക്കാലത്തെക്കുറിച്ചായിരുന്നു ഒരു ചോദ്യം. ആ ചായക്കട / കടയുടെ ലൈസൻസ് / പെർമിറ്റ് എപ്പോഴാണ് നൽകിയതെന്നും പവൻ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അദ്ദേഹം തേടി. മറുപടി ഒന്നും ലഭിക്കാത്തതിനാൽ അദ്ദേഹം ആദ്യ അപ്പീൽ നൽകി. ആദ്യത്തെ അപ്പീൽ അതോറിറ്റി തീർപ്പാക്കുന്നില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം കേന്ദ്ര വിവര കമ്മീഷനെ സമീപിച്ചു.

ഈ അപ്പീലിന് മറുപടിയായി സി‌പി‌ഐഒ, വെസ്റ്റേൺ റെയിൽ‌വേ, 2020 ജൂൺ 17 ന് മുമ്പ് വിവരാവകാശ അപേക്ഷയും ഫസ്റ്റ് അപ്പീലും ലഭിച്ചില്ലെന്ന് വാദിച്ചു (രണ്ടാമത്തെ അപ്പീൽ നോട്ടീസിനൊപ്പമാണ് അപേക്ഷകന് ഇത് ലഭിച്ചത്). അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ വളരെ പഴയതാണെന്നും അക്കാലത്തെ ഒരു രേഖയും അഹമ്മദാബാദ് ഡിവിഷന്റെ പക്കൽ ഇല്ലെന്നും അധികൃതർ പറഞ്ഞു.

വിവരാവകാശ അപേക്ഷയും ആദ്യ അപ്പീലും 17.06.2020 ന് മുമ്പ് ലഭിച്ചില്ലെന്ന് കമ്മീഷന് സത്യവാങ്മൂലം സമർപ്പിക്കാൻ അതോറിറ്റിയോട് നിർദ്ദേശിച്ചുകൊണ്ട് രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷണർ അമിത പണ്ടോവ് തീർപ്പാക്കി. വിവരാവകാശ അപേക്ഷയുടെ പോയിന്റ് നമ്പർ  1 മുതൽ 11 വരെ അന്വേഷിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു രേഖയും ഇല്ലെന്ന് വ്യക്തമാക്കി മറ്റൊരു സത്യവാങ്മൂലം സമർപ്പിക്കാനും അതോറിറ്റിയോട് ഇൻഫർമേഷൻ കമ്മീഷണർ നിർദ്ദേശിക്കുകയായിരുന്നു.