രാജ്യത്തെ സാമ്പത്തികസ്ഥിതി അപകടത്തില്‍; കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു; കള്ളപ്രചാരണം വന്‍ അപകടം ഉണ്ടാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്

രാജ്യത്തെ ഫെഡറല്‍ സംവിധാനവും സാമ്പത്തികസ്ഥിതിയും അത്യന്തം അപകടാവസ്ഥയിലാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പരകാല പ്രഭാകര്‍. കേന്ദ്രസര്‍ക്കാര്‍ ഇതൊരിക്കലും അംഗീകരിക്കില്ലെന്നും കണക്കിലെ കളികള്‍ നിരത്തി അവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയായെന്നും ജിഡിപി കുത്തനെ ഉയരുകയാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം. എല്ലാവരും രാജ്യത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്നു. എന്നാല്‍, ജനങ്ങളെ കബളിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കള്ളപ്രചാരണം വന്‍ അപകടം ക്ഷണിച്ചുവരുത്തും. സാമൂഹിക അസമത്വവും തൊഴിലില്ലായ്മയും കുത്തനെ ഉയര്‍ന്നു. ഒരാഴ്ചയില്‍ ഒരുമണിക്കൂര്‍മാത്രം തൊഴില്‍ കിട്ടുന്നവന്‍ തൊഴില്‍രഹിതനല്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. സെസ്സും സര്‍ച്ചാര്‍ജുകളും ഏര്‍പ്പെടുത്തിയും ജനങ്ങളെ വലയ്ക്കുന്നു.

ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ ഭരണമാണ്. പ്രസിഡന്റ് ഉള്‍പ്പെടെ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത് ഫെഡറലിസത്തെ ഇല്ലാതാക്കും. ഫിനാന്‍ഷ്യല്‍ ഫെഡറലിസം വന്‍ തകര്‍ച്ചയിലാണെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.