ലോകസഭയിലേക്കുള്ള ആദ്യഘട്ട വിധിയെഴുത്ത് ആരംഭിച്ചു; തമിഴകത്ത് സ്റ്റാലിന്‍ ബിജെപി പളനിസ്വാമി പേരാട്ടം; ഇന്ത്യാ സംഖ്യത്തിന് നിര്‍ണായകം

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിധിയെഴുത്ത് ഇന്ന് നടക്കും. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ബുധനാഴ്ച സമാപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ 39-ഉം പുതുച്ചേരിയിയിലെ ഒന്നും ഉള്‍പ്പെടെ 40 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഡി.എം.കെ. നയിക്കുന്ന ഇന്ത്യ മുന്നണിയും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യും അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യവും സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണം നടത്തി.

ഇന്ത്യ മുന്നണിയില്‍ ഡി.എം.കെ.യ്‌ക്കൊപ്പം കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., എം.ഡി.എം.കെ., വി.സി.കെ., മക്കള്‍ നീതി മയ്യം, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി, മുസ്ലിംലീഗ് എന്നിവരുണ്ട്. ഡി.എം.കെ. 21 സീറ്റിലും കോണ്‍ഗ്രസ് ഒമ്പതിലും സി.പി.എം., സി.പി.ഐ. എന്നിവര്‍ രണ്ടുവീതം സീറ്റുകളിലും കളത്തിലുണ്ട്. അണ്ണാ ഡി.എം.കെ. നയിക്കുന്ന സഖ്യത്തില്‍ പുതിയ തമിഴകം, എസ്.ഡി.പി.ഐ., ഡി.എം.ഡി.കെ. തുടങ്ങിയ പാര്‍ട്ടികളാണുള്ളത്. അണ്ണാ ഡി.എം.കെ. 32 സീറ്റിലും ഡി.എം.ഡി.കെ. അഞ്ചിടങ്ങളിലുമാണ് മത്സരിക്കുന്നത്.

എന്‍ഡിഎ മുന്നണിയില്‍ ബി.ജെ.പി.ക്കൊപ്പം ഇന്ത്യന്‍ ജനനായക കക്ഷി, പുതിയ നീതി കക്ഷി, തമിഴക മക്കള്‍ മുന്നേറ്റ കഴകം, പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ.), തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍) തുടങ്ങിയവരുണ്ട്. ബിജെപിയുടെ പിന്തുണയോടെയാണ് രാമനാഥപുരത്ത് ഒ. പനീര്‍ശെല്‍വം മത്സരിക്കുന്നത്. 19 സീറ്റുകളിലാണ് ബി.ജെ.പി. മത്സരിക്കുന്നത്. പി.എം.കെ. പത്തുസീറ്റിലും അമ്മ മക്കള്‍ മുന്നേറ്റ കഴകം രണ്ടുസീറ്റിലും മത്സരിക്കുന്നുണ്ട്.

അരുണാചല്‍ പ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാര്‍ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുര്‍ (രണ്ട്), രാജസ്ഥാന്‍ (13), മേഘാലയ (രണ്ട്), തമിഴ്നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാള്‍ (മൂന്ന്), ഉത്തര്‍പ്രദേശ് (എട്ട്), ഛത്തീസ്ഗഢ്, ലക്ഷദ്വീപ്, അന്തമാന്‍-നിക്കോബാര്‍, ജമ്മു-കശ്മീര്‍, മിസോറം, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, പുതുച്ചേരി, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങള്‍) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നുവരെ ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ജൂണ്‍ നാലിന്.