എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

ഐപിഎൽ 2024 ലെ പവർപ്ലേയ്‌ക്ക് പുറത്ത് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്ത വിമർശകരെ രൂക്ഷമായി വിമർശിച്ച് മുൻ ആർസിബി ബാറ്റർ എബി ഡിവില്ലിയേഴ്‌സ് രംഗത്ത് എത്തിയിരിക്കുകയാണ്. അവർക്ക് യഥാർത്ഥ ക്രിക്കറ്റ് പരിജ്ഞാനം ഇല്ലെന്ന് പറഞ്ഞ് ഡാറ്റാ-ഡ്രൈവ് പണ്ഡിറ്റുകളെ ഡിവില്ലിയേഴ്‌സ് ആഞ്ഞടിച്ചു. സ്ഥിതിവിവരക്കണക്കുകൾക്ക് മാത്രം കോഹ്‌ലിയുടെ മഹത്തായ മൂല്യവും കളിയിലെ സ്വാധീനവും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഉറപ്പിച്ചു.

15 വർഷമായി തൻ്റെ ബാറ്റിംഗ് റോൾ വിജയകരമായി നിർവഹിച്ചതിനാൽ തനിക്ക് ഉപദേശം ആവശ്യമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം വിജയിച്ചതിന് ശേഷം വിരാട് കോലി വിമർശകർക്കെതിരെ ആഞ്ഞടിച്ചിരുന്നു. കളിയാക്കുന്ന വിമർശകർ ഇതുപോലെ എത്ര ഇന്നിംഗ്സ് ടീമിനായി ജയിപ്പിച്ചിട്ട് ഉണ്ടെന്ന് കോഹ്‌ലി ചോദിച്ചിരുന്നു. ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെയാണ്:

“അടുത്ത കാലത്തായി വിരാട് കോഹ്‌ലി തൻ്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് തുടർച്ചയായി വിമർശനങ്ങൾ നേരിടുന്നു. നിരന്തരമായ പരിശോധനയിൽ ഞാൻ അസ്വസ്ഥനാണ്. ഐപിഎല്ലിൽ അവിശ്വസനീയമായ വിജയവും ആർസിബിയിൽ പ്രധാന പങ്കും വഹിച്ച എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് അദ്ദേഹം. എന്നിരുന്നാലും, ക്രിക്കറ്റ് വൈദഗ്ധ്യമോ പരിചയമോ ഇല്ലെങ്കിലും ഡാറ്റാധിഷ്ഠിത പണ്ഡിതന്മാർ കോഹ്‌ലിയെ വിമർശിക്കുന്നത് തുടരുന്നു. അവർ എത്ര കളികളിൽ കളിച്ചു, എത്ര ഐപിഎൽ സെഞ്ചുറികൾ അവർ നേടിയിട്ടുണ്ട്? മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ പറഞ്ഞു.

കോഹ്‌ലി ആർസിബിയിൽ മൂന്നാം സ്ഥാനത്ത് ഇറങ്ങണം എന്നും അവിടെ അയാളെ സഹതാരങ്ങളും മാനേജ്മെന്റും പിന്തുണക്കണം എന്നും ഡിവില്ലേഴ്‌സ് പറഞ്ഞു.